FORGOT YOUR DETAILS?

മഅദിൻ ചെയർമാൻ ആസ്‌ട്രേലിയൻ പര്യടനം തുടങ്ങി

ബ്രിസ്ബൺ (ആസ്‌ട്രേലിയ): മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആസ്‌ട്രേലിയൻ പര്യടനം ആരംഭിച്ചു. ബ്രിസ്ബൺ, സിഡ്‌നി, മെൽബൺ എന്നീ നഗരങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം സംബന്ധിക്കും.
ബ്രിസ്ബണിലെ സെന്റ് ഫ്രാൻസിസ് സമൂഹം ബ്രിസ്ബൺ ഇസ്‌ലാമിക് കോളേജ്ജ്, പദുവ കോളേജ്ജ്, മൗണ്ട് അൽവാനിയ കോളേജ്ജ് എന്നിവയുമായി സഹകരിച്ച് നടത്തിയ ഇന്റർഫൈത്ത് സംഗമത്തിൽ ഖലീൽ തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു.
ബഹുമതസമൂഹത്തിൽ ഇസ്‌ലാമിന്റെ സാഹോദര്യ സന്ദേശം ഏറെ പ്രസക്തമാണെന്നും വിവിധ വിശ്വാസങ്ങളുടെ സൗഹൃദപൂർണമായ പാരമ്പര്യത്തിൽ ഇസ്‌ലാമിക സമൂഹത്തിന് അനിഷേധ്യ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹജീവികൾക്ക് ശല്യമാകാതെ ജീവിക്കാൻ പഠിക്കുകയെന്ന എല്ലാ മതങ്ങളുടെയും പ്രധാന പാഠങ്ങളിലൊന്നാണ്. അവിവേകികളായ ചിലരുടെ പ്രവർത്തനങ്ങൾ മൂലം സമുദായം മുഴുവനായും തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയുണ്ട്. തെറ്റിദ്ധാരണകൾ ഇല്ലാതെയാക്കേണ്ട പ്രധാന ഉത്തരവാദിത്തം മുസ്‌ലിംകൾക്കു തെന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദുവ കോളജ് റെക്ടർ റോബർട്ട് ഓട്ട്, ആത്മീയ വിദ്യാഭ്യാസ ഡയറക്ടർ റിച്ചഡ് ബട്‌ലർ, വൈസ് റെക്ടർ ബെൻ റൗലി, ബ്രിസ്ബൻ കോളേജ് ഇസ്‌ലാമിക് വിഭാഗം തലവൻ മുഫ്തി സിയാദ് റാവത് എന്നിവർ സംസാരിച്ചു.
അടുത്ത മാസം തുർക്കിയിലെ ഇസ്തംബൂളിൽ നടക്കുന്ന ജി 20 മതസൗഹാർദ്ധ സംഗമത്തിന്റെ മുന്നോടിയായി ഇന്ന് (വ്യാഴം) ബ്രിസ്ബണിലെ ഗ്രിഫിത് യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന വിവിധ മത പ്രതിനിധികളുടെ സമ്മേളനത്തിൽ ഖലീൽ തങ്ങൾ സംബന്ധിക്കുന്നുണ്ട്.

TOP